1
ഉച്ചവെയിലിന്റെ ചൂടുകിരണങ്ങൾ ഇടതുവശത്തെ പാതിതുറന്ന ജനാലച്ചില്ലുകളും കടന്ന് പടിഞ്ഞാറേമുറിയിലേക്ക് അരിച്ചിറങ്ങി. മുഖത്ത് വിയർപ്പു തുള്ളികളുടെ നനവോടെയാണ് അവൾ ഉറക്കമുണർന്നത്. തൊണ്ട വല്ലാണ്ട് വരണ്ടിരിക്കുന്നു. പാതിയടഞ്ഞ കണ്ണുകൾ ഒരു ഞരക്കത്തോടെ ചില്ലുകുപ്പിയിലെ വെള്ളം തിരഞ്ഞു. നാലു ദിവസമായി ചലനമറ്റിരുന്നത്കൊണ്ട് വെള്ളത്തിന് പൂപ്പൽ ച്ചുവച്ചു. എങ്കിലും അവളത് അവസാന തുള്ളി വരെ തൊണ്ടയിലേക്കിറ്റിച്ചു. ശേഷം വലതുവശത്തെ മേശപ്പുറത്തിരുന്ന ഫോൺ കൈനീട്ടി വലിഞ്ഞു എടുത്തിട്ട് വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.. വിരലുകൾ യാന്ത്രികമായി ചലിച്ചു ഇൻസ്റ്റാഗ്രാം തുറന്നു… “ആരാരും അറിയാത്ത ദൂരങ്ങളിൽ ആരാരും അണയാത്ത തീരങ്ങളിൽ… ” ആ വരികൾ കേട്ടപ്പോൾ തന്നെ ഒരു വിഷാദം അവളുടെ ശരീരത്തെയും മനസിനേയും മൂടി, വരിഞ്ഞു മുറുക്കി. ഉച്ചവെയിലിന്റെ മുപ്പത്തിയാറു ഡിഗ്രീ ചൂടിലും ഒരു വിഷാദകാർമേഘത്തിന്റെ തണുപ് ആ മുറിയാകെ തളം കെട്ടി നിന്നു! വിഷാദത്തിന്റെ കാർമേഘങ്ങൾ അങ്ങനെയാണല്ലോ, ഹൃദയത്തിന്റെ ഉള്ളറകൾ അഗ്നിപർവതം പോലെ തിളക്കുമ്പോഴും ചുറ്റുപാടുകളെ അത് ഒരു മങ്ങിയ കറുപ്പ് പൂശുകയും ഈർപ്പത്തിന്റെ തണുപ്പടിപ്പിക്കുകയും ചെയ്യും!
“എടീ നീ ഇതുവരെ എണീറ്റില്ലേ”, വാതില് തള്ളി തുറന്നു അനു കയറിവന്നു, “പോയി ചായ കുടിക്കടീ, മമ്മി അവടെ താഴെ ഇട്ടുവെച്ചിട്ടുണ്ട്.” “നിനക്കെന്താ മാളു(അനു), മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കൂല്ലേ… ” “മതി ഒറങ്ങീത്, ഉച്ചയായി”… “നീ നിന്റെ പാട് നോക്കി പോയെടി, ഞാൻ എണീറ്റോളാ”. ബക്കറ്റിൽ അലക്കാൻ ഇട്ടിരുന്ന തുണി എടുത്തിട്ട് അനു മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. ” ഐ ആം ഗോയിങ് ടു പൂനെ ടുമോറോ”, കട്ടിലിൽ എണീറ്റിരുന്ന് അവൾ പറഞ്ഞു… ചെറുതായി ഒന്ന് ഞെട്ടി അനു തിരിഞ്ഞു നിന്നു, “എന്തോന്ന് പൂനെക്ക് പോവാനോ, നീയോ”, എന്റെ പൊന്നു സാറാ നിനക്ക് ഇവിടെ ഒള്ളോർടെ സ്വഭാവം അറിയാന്മേലാഞ്ഞിട്ട് ആണോ, വെറുതെ വഴക്ക് ഒണ്ടാക്കാനായിട്ടു”… “ഞാൻ എന്തായാലും പോവും”, സാറ പറഞ്ഞു.. “നീ എന്ത് വേണേൽ കാണിക്ക്, അനു ബക്കറ്റും പിടിച്ചു താഴേക്ക് ഇറങ്ങിപ്പോയി…
2
നാലു ദിവസം മുന്നെ മുന്നാറിലെ ഒരു തണുത്ത പ്രഭാതം. വട്ടവട അടുത്തുള്ള ഒരു പഴയ റിസോർട്ടിലെ മരം കൊണ്ട് കെട്ടിയ ഒരു ചെറിയ കോട്ടജ്. ഓഫ് സീസൺ ആയതുകൊണ്ടും വീക്കഡേ ആയതുകൊണ്ടും അധികം ആളുകൾ ഉണ്ടായിരുന്നില്ല. സാറ പതിയെ ഉറക്കം തെളിഞ്ഞു എണീറ്റു, നല്ല ഡീപ് സ്ലീപ് ആയിരുന്നതുകൊണ്ട് യാത്രാക്ഷീണം നല്ലതുപോലെ മാറി, റോണി എണീറ്റിട്ടില്ല. അധികം ഒച്ച ഉണ്ടാക്കാതെ സാറ മെല്ലെ എണീറ്റ് പുറത്തെ വാതിൽ തുറന്നു. തലേന്ന് റൂം സെർവീസിൽ പറഞ്ഞിരുന്നതുകൊണ്ട് തിണ്ണയിൽ ഒരു ഫ്ലാസ്കിൽ മസാല ചായ കൊണ്ടുവെച്ചിരുന്നു. അതെടുത്തു ഗ്ലാസ്സിലേക്ക് പകർത്തിയിട്ട് വീണ്ടും കോട്ടജിനുള്ളിൽ കയറി വാതിലടച്ചു. മെല്ലെ ബാൽക്കണിയുടെ വാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങി.. ചെറിയ തണുത്ത കാറ്റും, കനം കുറഞ കോട മഞ്ഞും ഉണ്ടായിരുന്നു. സാറയുടെ മുഖത്ത് ഒരു വിളറിയ ചിരി വിടർന്നു. അപ്പോഴേക്കും റോണി എണീറ്റ് അങ്ങോട്ടു വന്നു, സാറ തിരിഞ്ഞു നിന്ന് പറഞ്ഞു “ലെറ്റസ് ഗോ ടു പൂനെ “! “ആർ യൂ ഷുവർ എബൌട്ട് ഇറ്റ് ?” “യെസ്, ഐ ആം ഗോയിങ് ടു പൂനെ……” !!
(തുടരും)






